നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.
നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ
പുക
കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.
മദ്യപാനം
അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.